Society Today
Breaking News

കൊച്ചി:  കോര്‍പ്പറേറ്റ് ബിനാമികളുടെ കാര്‍ബൂട്ട് സെയിലിന് ഒത്താശ ചെയ്യുന്ന ജി.സി.ഡി.എ നിലപാടില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിംങ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവന്ത്രയിലെ ജി.സി.ഡി.എ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലും  ഉപരോധ സമരത്തിലും പ്രതിഷേധം ഇരമ്പി. സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, മര്‍ച്ചന്റസ് യൂണിയന്‍ തുടങ്ങിയ സംഘടനകളും പിന്തുണയുമായി എത്തിയതോടെ അധികൃതരുടെ നിലപാടിനെതിരെയുള്ള വ്യാപാരികളുടെ ശക്തമായ താക്കീതായി സമരം മാറി. കേന്ദ്രീയ വിദ്യലയത്തിന് സമീപത്തും നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ഫ് ളാഗ് ഓഫ് ചെയ്തു.വനിതകളുടക്കമുള്ള നൂറു കണക്കിന് വ്യാപാരികളാണ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി മാര്‍ച്ചില്‍ അണിനിരന്നത്. ജി.സി.ഡി.എ യ്ക്ക് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു.

തുടര്‍ന്ന് നടന്ന ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍ ഉദ്ഘാടനം ചെയ്തു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നവംബര്‍ മൂന്ന്,നാല്,അഞ്ച് തിയതികളില്‍ നടക്കാന്‍ പോകുന്ന കാര്‍ ബൂട്ട് സെയിലിന് അനുമതി നല്‍കിയാല്‍ എന്തു വില കൊടുത്തും തടയുമെന്ന് സി.എസ് അജ്്മല്‍ പറഞ്ഞു. കാര്‍ബൂട്ട് സെയിലിന് അനുമതി നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. എല്ലാവിധ ലൈസന്‍സുകളും എടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്കുകുത്തികളാക്കിയുളള കാര്‍പ്പറേറ്റ് ബിനാമികളുടെ കാര്‍ബൂട്ട് സെയിലിന് അനുമതി നല്‍കിയാല്‍  ഇന്നുവരെ കാണാത്തതരത്തിലുള്ള പ്രക്ഷോഭത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അജ്മല്‍ പറഞ്ഞു. അനധികൃതമായി നടക്കുന്ന വഴിയോരക്കച്ചവടത്തിന്റെ പുതിയ രൂപമായ കാര്‍ ബുട്ട് സെയില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ജോര്‍ഫിന്‍ പെട്ട പറഞ്ഞു.

കോര്‍പ്പറേറ്റ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ തലയിലുദിച്ച ബുദ്ധിയാണിത്. പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് അടക്കം ചുമത്തി നടത്തുന്ന കാര്‍ ബൂട്ട് സെയിലിലൂടെ കോടികണക്കിന് രൂപയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും വ്യാപാരമേഖലയില്‍ ഇതുണ്ടാക്കുകയെന്നും ജോര്‍ഫിന്‍ പെട്ട പറഞ്ഞു. കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. എറണാകുളം നിയോജമകണ്ഡലം പ്രസിഡന്റ് എം.സി പോള്‍സണ്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ്, മര്‍ച്ചന്റസ് യൂണിയന്‍ പ്രസിഡന്റ് സജീര്‍, കെ.വി.വി.ഇ.എസ് കളമശേരി മേഖല പ്രസിഡന്റ് ഷാജഹാന്‍ അബ്ദുല്‍ ഖാദര്‍ , എണാകുളം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, വനിതാവിങ് നിയോജകമണ്ഡലം പ്രസിഡന്റ് ജയാ പീറ്റര്‍, എസ്.സി.ഡി.എ പ്രസിഡന്റ് അഭിലാഷ്, ജംഷീര്‍ വാഴയില്‍, ജോയ് തമ്മനം,കെ സി മുരളീധരന്‍ , പി.പി ഫൈസല്‍, ശ്രീനാഥ് മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Top